കാമൽ ടു കാഡിലാക്-ദുബായ് എന്ന സ്വർഗ്ഗം (ആദ്യദിനം)
ദുബായിൽ പോകണമെന്ന് ഭാര്യ പല പ്രാവശ്യമായി നിർബ്ബന്ധിച്ച് കൊണ്ടിരുന്നു. എന്നാൽ എന്ത് കൊണ്ടോ പലതവണ അത് നീണ്ട് പോയി. ദുബായ് വളർന്നത് ഞങളുടെ തലമുറയുടെ അക്ഷീണപ്രയത്നം കൊണ്ടായിരുന്നു എന്ന് പറയുന്നതിൽ തെറ്റില്ല. കാരണം ഞാൻ സിവിൾ എഞ്ചിനീയറിങിൽ ബിരുദം നേടുന്നത് 1976 അവസാനമാണ്. ഈ കാലത്താണ് ഗൾഫിലേക്ക് മലയാളികൾ ചേക്കേറി തുടങിയത്. പത്തേമാരിയിലാണ് 1960കളിൽ കേരളത്തിൽ നിന്നും ഗൾഫ് നാടുകളിൽ ഭാഗ്യം അന്വേഷിച്ച് കടന്ന് വന്നത്. ഞാൻ എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ നെടുമ്പുരയിലുള്ള ഷംസുദീന്റ പിതാവ് ഒരു ഇരുനില വസതി പണിതത് കാണാൻ ഞങൾ കൂട്ടികളെല്ലാം പോയത് ഇന്നും മറന്നിട്ടില്ല. ആധുനിക രീതിയിലുള്ള ഒരു മനോഹരമായ ഭവനമായിരുന്നു അത്. പത്തേമാരിയിൽ ഭാഗ്യം അന്വേഷിച്ച് പോയ അദ്ദേഹം പണം വാരിയെടുക്കുന്നു എന്നാണ് നാട്ടിൽ കേട്ടത്. സുഗന്ധ പൂരിതങളായ വസ്ത്രങളണിഞ്ഞ് മോട്ടോർ സൈക്കിളിൽ സ്കൂളിൽ വന്നിറങുന്ന ഷംസുദ്ദീനെ ആരാധനയോടെ യാണ് ഞങൾ കുട്ടികളെല്ലാം കണ്ടത്. അന്ന് ഗൾഫിൽ നിന്ന് വരുന്നവരെ ബഹുമാനമായിരുന്നു. 1976ൽ എഞ്ചിനീയറിങ് പാസ്സായപ്പോൾ പാസ്സ് പോർട് എടുത്തെങ്കിലും ഗൾഫിൽ പോകാൻ സാധിച്ചില്ല. ഞങളുടെ കൂടെയുണ്ടായിരുന്ന നിരവധി പേരാണ് അന...